Wednesday, 2 September 2015

വാക്കുകള്‍ കൊണ്ടുള്ള ഹിംസ

 പ്രസംഗം കല എന്നവണ്ണം കൈകാര്യം ചെയ്യുന്നവരുണ്ട്.പള്ളിപ്രസoഗങ്ങളും മതപ്രസംഗങ്ങളും മികച്ചകലാപ്രകടനങ്ങള്‍ ആയിരുന്നേക്കാം.ശ്രോതാക്കളുടെ കയ്യടിപിടിച്ചു പറ്റുവാന്‍ അവയ്ക്ക് കഴിഞ്ഞെന്ന് വരാം.എന്നാല്‍ എത്രതന്നെ സാഹിത്യ ഗുണവും ശബ്ദഭംഗിയുള്ള പ്രഭാഷണo ആയാലും അവ  മനുഷ്യ ഹൃദയത്തില്‍ സൃഷ്ട്ടിക്കുന്ന ചലനങ്ങള്‍  വെറും  അല്പനേരത്തെക്ക് മാത്രം  ആയിരിക്കും .നമ്മുടെ ജീവിതത്തെ തന്നെ ആവിഷ്കരിക്കാന്‍ കഴിയാത്ത പ്രഭാഷണം നിഷ്ഭലം ആയിരിക്കും...അതുകൊണ്ടുതന്നെ നമ്മുടെ സാധാരണ സംഭാഷണങ്ങള്‍ പോലും പൊള്ളയാകാതിരിക്കാന്‍  സൂക്ഷിക്കണം..നാം പറയുന്ന   ഓരോ വാക്കും അന്യര്‍ക്ക് പ്രയോജനപ്പെടുന്നതും അറിവ് നല്‍കുന്നതും ആയിരിക്കണo..തത്വസംഹിതകളും യുക്തിചിന്തകളും  ഉള്‍കൊള്ളുന്ന വാക്കുകളല്ല മനുഷ്യ ഹൃദയങ്ങളിലേക്ക് താണിറങ്ങി ചെല്ലുന്നത്..മറിച്ച് ലളിതമായതും സ്വാന്തനിപ്പിക്കുന്നതുമായ വാക്കുകളിലൂടെയാണ്...                                                                                                                                                                                                        ഹിംസ ചെയ്യരുത് ഹിംസ പാപമാണ് എന്ന് എല്ലാമതങ്ങളും  അനുശാസിക്കുന്നു.നമ്മില്‍ മിക്കവരും ഹിംസ ചെയ്യാത്തവരാണന്നു അവകാശപ്പെടുന്നവരാണ്.എന്നാല്‍  വാക്ക് എന്ന ആയുധം കൊണ്ട് നിത്യവും ഹിംസ ചെയ്യുന്നവരാണ് നമ്മള്‍ .ഒരുവനെ മൂഡാ എന്ന് വിളിക്കുകയോ മറ്റൊരുവന്റെ ഹൃദയത്തെ വേദനിപ്പിക്കത്തക്കവണ്ണം വിമര്‍ശിക്കുകയോ ചെയ്യുന്നത് ഹിംസയാണ് ..പരദൂഷണത്തിലൂടെ മറ്റുള്ളവരെ തേജോവദം ചെയ്യുന്നതും ഹിംസ തന്നെ .തളര്‍ന്ന മനസ്സുകള്‍ക്ക് ഉന്മേഷം പകരാനും വാടികരിഞ്ഞ ജീവിതത്തെ തളിരണിയിക്കാനും  നമ്മുടെ  വാക്കുകള്‍ക്കു കഴിവുണ്ട് . നമ്മുടെ സംഭാഷണം അതിന് പര്യാപ്തമാണോയെന്നു നാം ഓരോരുത്തരും സ്വയം വിലയിരുത്തേണ്ടുന്നത് അത്യന്താപേക്ഷിതമാണ്.                                                                                                                                                                                                                                                          നമ്മുടെ   വാക്കുകള്‍ മറ്റുള്ളവര്‍ക്ക് ആശ്വാസവും അവരെ ആത്മീയമായി ഉത്തേജിപ്പിക്കുന്നതും ആയിരിക്കണം.ഇ ലോകത്തില്‍ നമ്മള്‍ ഒരു ദൈവപൈതലായി വിശ്വാസജീവിതം നയിക്കുന്നവരാണെങ്കില്‍ നമ്മള്‍ എപ്പോഴും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരും ഓരോരൂത്തരോടും എങ്ങനെ ഉത്തരം പറയേണം എന്നും നാം അറിഞ്ഞിരിക്കേണം..നമ്മുടെ വാക്കുകള്‍ എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാല്‍ രുചിവരുത്തിയതും ആയിരിക്കണം.ദൈവവചനം ലോകത്തിന് കൊടുക്കുക എന്ന വലിയ ഉത്തരവാദിത്തം നമ്മളിലുണ്ട് എന്ന് നാം ഒരിക്കലും മറന്ന് പോകരുത്..ദൈവവചനം നമ്മള്‍ മറ്റുള്ളവരുമായി പങ്കിടുമ്പോള്‍ മനപ്പൂര്‍വം ആരെയും കുത്തിനോവിപ്പിക്കാന്‍ ശ്രമിക്കരുത്.പത്രോസിന്റെ വചനശുശ്രൂഷയെ നാം ഒന്ന് പരിശോധിച്ചാല്‍ ചിലരുടെ ഹൃദയം കഠിനപ്പെട്ടു,ചിലര്‍ ആ വചനങ്ങളെ ഏറ്റെടുത്ത് അതില്‍ വിശ്വസിച്ചു.ചിലരുടെ ഹൃദയത്തില്‍ കുത്തുകൊണ്ട് അവര്‍ മാനസാന്തരത്തിലെക്ക് തിരിഞ്ഞു എന്ന് കാണാം.നമ്മുടെ അധരത്തിലൂടെ നമ്മള്‍ പകര്‍ന്നുകൊടുക്കുന്ന സുവിശേഷം തകര്‍ന്നിരിക്കുന്ന ഹൃദയങ്ങളെ ബലപ്പെടുത്തുന്നതും,നിത്യതയിലെക്ക് നയിക്കുന്നതും,മാനസാന്തരം ഉളവാക്കുന്നതും ആയിരിക്കണം.നമ്മുടെ വാക്കുകള്‍ ആരുടെയും ഹൃദയത്തെ മുറിപ്പെടുത്തുന്ന തരത്തില്‍ ആയിരിക്കരുത്.കുതിരയെ അധീനമാക്കുവാന്‍ വായില്‍ കടിഞ്ഞാണിട്ടു അതിന്‍റെ ശരീരം മുഴുവന്‍ നീയന്ത്രിക്കുന്നു അതുപോലെതന്നെ കപ്പലും എത്രവലിയതായാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരന്‍ ഏറ്റവും ചെറിയ ചുക്കാന്‍കൊണ്ട് തനിക്ക് ബോധിച്ച ദിക്കിലേക്ക് തിരിക്കുന്നു.അതുപോലെ നമ്മളും നമ്മുടെ നാവിനെ കടിഞ്ഞാണിട്ടു സൂക്ഷിക്കണം..എന്തെന്നാല്‍ നാവ് ഏറ്റവും ചെറിയ അവയവo എങ്കിലും വളരെ വന്‍പ് പറയുന്നു.കുറഞ്ഞ തീ എത്ര വലിയ കാട് കത്തിക്കുന്നു.നാവും ഒരു തീ തന്നെ..അത് നമ്മുടെ അവയവങ്ങളുടെ കൂട്ടത്തില്‍ അനീതിയുടെ ലോകമായി ദേഹത്തെ മുഴുവന്‍ മലിനമാക്കികൊണ്ട് നരഗാഗ്നിയില്‍ ജീവചക്രത്തിന് തീകൊളുത്തുകയും ചെയ്യുന്നതാണെന്ന് നാം എപ്പോഴും ഓര്‍ത്തിരിക്കണം..നമ്മള്‍ മറ്റുള്ളവരെ വിധിക്കാതെ ശത്രുക്കളെ സ്നേഹിച്ചു നമ്മള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് നിരപ്പ്പ്രാപിച്ച് ദൈവീക ശുശ്രൂഷയില്‍ ആയിരിക്കണം എന്നത്രേ.അതുകൊണ്ട് നമ്മുടെ വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും ദൈവത്തിന് പ്രസാദകരമാകുന്ന രീതിയില്‍ അനുഗ്രഹിക്കപ്പെട്ട ക്രിസ്തീയ ജീവിതം നയിപ്പാന്‍ ദൈവം സഹായിക്കട്ടെ....

No comments:

Post a Comment